പഞ്ചസാരയുടെ പകരക്കാരൻ, ആരോഗ്യഗുണങ്ങളിൽ സമ്പന്നനാണ് ശർക്കര. പല തരം ഗുണങ്ങൾക്ക് പേരുകേട്ടതാണ് ശർക്കര. ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ ഗുണം ചെയ്യുന്ന ഒന്നാണിതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഒരു കഷ്ണം ശർക്കര ഏറെ കാലമായി അലട്ടുന്ന അലർജി മാറ്റുമെന്ന് പറഞ്ഞാലോ?
അലർജിയുള്ളവർ നിരവധിയാണ്. മിക്കയാളുകളെയും അലട്ടുന്ന ഒന്നാണ് പൊടിയോടുള്ള അലർജി. കണ്ണുകളിൽ ചുവപ്പും ചൊറിച്ചിലും, തുമ്മലും മൂക്ക് ചീറ്റലും, മൂക്കൊലിപ്പ്, വലിവ്, ചുമ, നെഞ്ച് വലിഞ്ഞുമുറുകുന്ന തോന്നൽ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്. പൊടി അലർജിയുള്ളവർക്ക് ഏറെ ഗുണകരമാണ് ശർക്കര.
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് ശർക്കര. അതുകൊണ്ട് തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്താൻ ഇത് സഹായിക്കും. ചെറിയ കഷ്ണം ശർക്കര ശീലമാക്കുന്നത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും അലർജിയെ അകറ്റാനും സഹായിക്കും. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാനും ശർക്കരയ്ക്ക് കഴിയും.
ഉയർന്ന് വരുന്ന വായു മലിനീകരണമാകും പൊടി അലർജിയുടെ ഒരു കാരണം, മലിനീകരണം ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്നു. അതുവഴി അണുബാധ ഉണ്ടാകാൻ കാരണമാകുന്നു. എന്നാൽ ശർക്കര കഴിക്കുന്നത് വഴി ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ശരീരത്തിലെത്താൻ കാരണമാകുന്നു. ഇത് ക്രമേണ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. വിളർച്ചയെ ചെറുക്കാനും ശർക്കര കഴിക്കുന്നത് നല്ലതാണ്.
മലിനമായ ചുറ്റുപാടിലാണ് എല്ലാവരും കഴിയുന്നത്. പൊടിപടലങ്ങൾ ശ്വസിക്കുകയും അത് മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യാം. ശർക്കര കഴിക്കുന്നത് വഴി രക്തത്തെ ശുദ്ധീകരിക്കാൻ സാധിക്കും. ശർക്കരയുടെ രക്തശുദ്ധീകരണ ഗുണങ്ങൾ ശുദ്ധമായ രക്തചംക്രമണ സംവിധാനത്തെ നിലനിർത്തുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിൽ മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.