മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഡയറ്റ് പിൻതുടരുന്നവർ വരെ ദിവസേനെ രണ്ടോ മൂന്നോ മുട്ടകഴിക്കുന്നത് വളരെ നല്ലതാണ്. സ്ഥിരമായി മുട്ടകഴിക്കുന്നതിലൂടെ കൊളസ്‌ട്രോൾ ഉണ്ടാകുമെന്ന ധാരണയുള്ള കൂട്ടരുമുണ്ട്. എന്നാൽ ഇത് തെറ്റായ ധാരണയാണെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നുമാണ് ഇപ്പോൾ വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്.
ദിവസേന ഒരു മുട്ടയെങ്കിലും കഴിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസിന്റെ സാധ്യത കുറക്കുമെന്നാണ് ഈസ്റ്റേൺ ഫിൻലൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. കൂടാതെ സ്ഥിരമായി മുട്ട കഴിക്കുന്നവരിൽ ലിപിഡ് മോളിക്യൂൾസ് ധാരാളമുണ്ടെന്നും പഠനങ്ങൾ പറയുന്നു. ടൈപ്പ് 2 ഡയബറ്റിസ് സാധ്യതയില്ലാത്തവരിലും ഇത് ധാരാളമായി കണ്ടുവരാറുണ്ട്. പൊതുവേ ബയോ ആക്ടീവ് ഘടകങ്ങൾ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാൽ കൊളസ്ട്രോൾ നില ഉയർന്ന ആളുകൾ മുട്ടയുടെ മഞ്ഞ ഒഴിവാക്കണം.
ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാൾക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീൻ ശരീരത്തിൽ എത്തേണ്ടത് നിർബന്ധമാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായകരമായ കോളിൻ എന്ന പോഷകം മുട്ടയിലുണ്ട്. ഇത് നാഡികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. കരളിൽ ഫാറ്റ് അടിഞ്ഞു കൂടുന്നത് തടയാനും കോളിൻ ഏറെ നല്ലതാണ്.
മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ കൊളസ്‌ട്രോൾ ഉയർത്താനും സഹായിക്കും. എച്ച്ഡിഎൽ അളവ് കൂടുതലുള്ള ആളുകൾക്ക് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.















