പത്തനംതിട്ട: സന്നിധാനത്ത് കുരുന്നുകൾക്ക് വേണ്ടി കൂടുതൽ സജ്ജീകരണങ്ങൾ. കുട്ടികൾ കൂട്ടം തെറ്റിപ്പോയാൽ തിരിച്ചറിയുന്നതിന് വേണ്ടി ടാഗ് ഏർപ്പെടുത്തി. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ ടാഗ് കെട്ടി നൽകുന്നത്. മലകയറി സന്നിധാനത്ത് എത്തുന്ന വേളയിൽ ദർശനത്തിന്റെ തിരക്കിനിടെ മിക്കപ്പോഴും കുരുന്നുകൾ കൈവിട്ട് പോകാറുണ്ട്.
ഒപ്പമുള്ളവരുടെ വിരൽത്തുമ്പിൽ നിന്നും പിടിവിട്ടുപോയാൽ ഭയന്ന് കരയുന്ന കുട്ടികളുടെ മുഖം കണ്ട് നിക്കുന്നവരുടെയും കണ്ണ് നിറയും. ഇതിലും പ്രയാസമാണ് ഇവരെ കൈവിട്ട് പോയി തിരഞ്ഞ് നടക്കുന്നവരുടെ അവസ്ഥ. ഇതിന് പരിഹാരമായാണ് പോലീസ് ടാഗ് സജ്ജമാക്കിയിരിക്കുന്നത്. വാച്ചിന്റെ മാതൃകയിലാണ് ടാഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒപ്പമുള്ളവരുടെ ഫോൺ നമ്പറും പേരും രേഖപ്പെടുത്തി ഇത് കയ്യിൽ ഒട്ടിച്ചാകും സന്നിധാനത്തേക്ക് വിടുന്നത്. മലകയറുമ്പോഴും ഇറങ്ങുമ്പോഴും ദർശനത്തിന് വേണ്ടി സന്നിധാനത്തെ തിരക്കിൽ കയറുമ്പോഴും കുട്ടികളെ കൈ വിട്ട് പോകുകയാണെങ്കിൽ എളുപ്പത്തിൽ കണ്ടെത്തുന്നതിന് ഇത് സഹായിക്കുന്നു. 10 വയസിൽ താഴെയുള്ള കുട്ടികളുമായി എത്തുന്ന ഭക്തർ ടാഗ് കെട്ടി നൽകണമെന്നാണ് നിർദ്ദേശം.