സ്കൂൾ കലോത്സവത്തിനിടയിൽ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്യുന്ന തന്റെ വീഡിയോ ഡിലീറ്റ് ചെയ്യാൻ നിരവധി തവണ ശ്രമിച്ചിട്ടും പറ്റിയില്ലെന്ന് നടി നവ്യാ നായർ. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു അന്നത്തെ തന്റെ വിഷമമെന്നും താരം പറഞ്ഞു. എറണാകുളം കാലടിയിൽ ഇന്നലെ ആരംഭിച്ച സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘കരയുന്ന വീഡിയോ ഡിലീറ്റാക്കാൻ പല രീതിയിൽ ശ്രമിച്ചു നോക്കി, ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന്, പക്ഷെ ഒരു നിവൃത്തിയില്ല. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം. ബി ഗ്രേഡ് കിട്ടിയതിന്റെ വിഷമത്തിലാണ് പതിനഞ്ച് വയസുള്ള ഞാൻ പൊട്ടികരഞ്ഞും പോയി, അതോടൊപ്പംതന്നെ അറിയാതെ ചില കുറ്റപ്പെടുത്തലുകൾ എന്റെ ഭാഗത്ത് നിന്നും ഉണ്ടായി
എന്റെ അറിവുകേടോ അല്ലെങ്കിൽ ആ നേരത്തെ മനസിന്റെ സങ്കടമോ കൊണ്ട് മറ്റേ കുട്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു. സത്യത്തിൽ മറ്റേ കുട്ടി എന്താ ചെയ്തതെന്ന് പോലും എനിക്ക് അറിയുന്നുണ്ടായിരുന്നില്ല, ഞാൻ അവരുടെ പെർഫോമൻസ് പോലും കണ്ടിട്ടില്ല.
ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വിജയത്തെയോ മാർക്കിനെയോ ആശ്രയിച്ചല്ല കലയെ ഇഷ്ടപ്പെടുന്നവരുടെ ജീവിതം നിർണയിക്കപ്പെടുന്നത്.’- നവ്യ നായർ പറഞ്ഞു















