എറണാകുളം: ചെറായിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. റേഡിയേറ്ററിൽ നിന്നും പുക കണ്ടതിന് പിന്നാലെ ലോറി ഡ്രൈവറും സഹായിയും വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊടുപുഴയിൽ നിന്നുമുള്ള കേരള ഫീഡ്സിന്റെ കാലിതീറ്റയുമായി വൈപ്പിൻ മാലിപ്പുറത്തേക്ക് പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്.
ലക്കി ട്രാൻസ്പോർട്ട് കമ്പനിയുടേതാണ് ലോറി. തീപിടിത്തത്തിൽ ലോറിയുടെ ക്യാബിൻ പൂർണമായും കത്തിനശിച്ചു. വടക്കൻ പറവൂരിൽ നിന്നും അഗ്നിശമന സേനയെത്തി തീയണയ്ക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തുമ്പോഴും ക്യാബിനിൽ നിന്നും വലിയ തോതിൽ തീ ഉയർന്നിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.