സിനിമയിൽ നിന്നും തനിക്ക് അവസരങ്ങൾ ലഭിക്കാതെ വന്ന സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ കൊല്ലം തുളസി. ക്യാൻസർ എന്ന രോഗം വന്നതിന് ശേഷം നാട്ടുകാർ തന്റെ രോഗത്തെ ഊതി വീർപ്പിച്ചെന്നും അങ്ങനെയാണ് തനിക്ക് സിനിമകൾ ലഭിക്കാതെ ആയതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു കൊല്ലം തുളസി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘മലയാള സിനിമയിൽ ഒരു ദിവസം മൂന്ന് പടങ്ങളിൽ ഓടി അഭിനയിച്ച അനുഭവം എനിക്കുണ്ട്. എന്റെ അഭിനയം മോശമായത് കൊണ്ടല്ല, എന്റെ സമയം മോശമായതിനാലാണ്. എനിക്ക് മാരകമായ ഒരു രോഗം വന്നിരുന്നു, ക്യാൻസർ. കീമോ തെറാപ്പികൊണ്ട് ഞാൻ ആ രോഗത്തെ കൊന്നു എന്നാൽ, നാട്ടുകാർ ആ രോഗത്തെ ഊതി വീർപ്പിച്ചു.
മറ്റുള്ളവർ ഇവൻ ഒരു രോഗിയാണ് സെറ്റിൽ വന്ന് കഴിഞ്ഞാൽ ഇവന് എന്തെങ്കിലും പറ്റുമോ…. എന്ന ചിന്ത കാരണം പല ഡയറക്ടർമാരും പുതിയ സിനിമയിൽ എന്നെ വിളിക്കാതെയായി. അങ്ങനെ പല ഡയറക്ടർമാരും എന്നെ വിളിക്കാതായപ്പോൾ ഞാൻ സിനിമയിൽ ഓർമ്മയായി.
സിനിമയിൽ ആക്ഷൻ സീനുകൾ ഒഴിച്ച് ഏത് സീനും ഇപ്പോഴും കൈകാര്യം ചെയ്യാൻ കഴിയും. വാക്ക് കൊണ്ടുള്ള എല്ലാ ആക്ഷനും ചെയ്യാറുണ്ട്. എനിക്ക് ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യാൻ കഴിയും എന്ന പ്രതീക്ഷയുണ്ട്. ക്യാൻസർ എന്ന രോഗം എനിക്ക് വന്നതുകൊണ്ട് ഇനിയൊരു 10,20 വർഷം മാത്രമായിരിക്കും ഞാൻ ജീവിക്കുക. ആ സമയം കൊണ്ട് ഒരുപാട് സിനിമകൾ എനിക്ക് ചെയ്യാൻ കഴിയും.’-കൊല്ലം തുളസി പറഞ്ഞു.















