എറണാകുളം: പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം ഒന്നാംമൈൽ സ്വദേശിനികളായ ഒൻപതാംക്ലാസ് വിദ്യാർത്ഥിനികളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
വിവരമറിഞ്ഞ് പെരുമ്പാവൂർ പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുപെൺകുട്ടികളും സ്കൂൾ വിട്ടാൽ ട്യൂഷനും കഴിഞ്ഞാണ് വീട്ടിൽ എത്താറുള്ളത്. എന്നാൽ ഇന്നലെ വൈകീട്ട് സമയം കഴിഞ്ഞിട്ടും പെൺകുട്ടികൾ വീട്ടിലെത്താതിരുന്നതോടെയാണ് മാതാപിതാക്കൾ പെരുമ്പാവൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസും ബന്ധുക്കളും ഊർജ്ജിതമായ അന്വേഷണം നടത്തുകയായിരുന്നു.
അതേസമയം പെൺകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുപെൺകുട്ടികളും വീട്ടിൽ പോകാതിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനായി കൂട്ടുകാരിയെയും ഒപ്പം കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു എന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.