ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തർപ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവയാണ് ഏറ്റവും നീളം കൂടിയ മുടിയുള്ള സ്ത്രീ എന്ന ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഏഴടി ഒമ്പത് ഇഞ്ചാണ് സ്മിതയുടെ മുടിയുടെ നീളം.
മുടി കഴുകുന്നതിനും, ഉണക്കുന്നതിനുമായി മൂന്ന് മണിക്കൂറാണ് മുടിയുടെ പരിചരണത്തിനായി സ്മിത ചിലവഴിക്കുന്നത്. 14 വയസ് മുതൽ സ്മിത മുടി മുറിച്ചിരുന്നില്ല. 1980 -കളിലുള്ള ഹിന്ദി സിനിമകളിലെ നായികമാരുടെ മുടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത തന്റെ മുടി നീട്ടി വളർത്താൻ തുടങ്ങിയത്.
മുടിയോടുള്ള കൗതുകം കൊണ്ടാണ് താൻ മുടി വളർത്താൻ തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണിതെന്നും സ്മിത പറയുന്നു. പുരാണ കഥാപാത്രങ്ങളിലെല്ലാം നീണ്ട മുടികളുള്ള സ്ത്രീകളാണുള്ളത്. ഇത് ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് സ്മിതയുടെ അഭിപ്രായം. നീളമുള്ള മുടിയാണ് സ്ത്രീകളുടെ സൗന്ദര്യമെന്നും പുറത്തിറങ്ങുമ്പോൾ ആളുകൾ അത്ഭുതത്തോടെയാണ് തന്നെ നോക്കുന്നതെന്നും അവർ പറഞ്ഞു.