ന്യൂഡൽഹി: കാർബൺ ബഹിർഗമനം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടന്ന കോപ് കാലാവസ്ഥാ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ജനപങ്കാളിത്തത്തോടെ ആഗോള താപനത്തെ തടയാനായി ഗ്രീൻ ക്രെഡിറ്റ് സംരംഭം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ് ഇന്ത്യയുടെ ജനസംഖ്യ. ഇന്ത്യയുടെ കാർബൺ ബഹിർഗമനം 4 ശതമാനം മാത്രമാണ്. എന്നാൽ ജനസംഖ്യ കുറവുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഫോസിൽ ഇതര ഇന്ധനം എന്ന ലക്ഷ്യത്തിലേക്ക് ഒമ്പത് വർഷം കൊണ്ടാണ് ഇന്ത്യ എത്തിച്ചേർന്നത്. ബഹിർഗമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള പദ്ധതികൾ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകൾ തിരുത്താൻ അധികം സമയം നമ്മുടെ മുന്നിലില്ല. എല്ലാ രാജ്യങ്ങളും എൻഡിസി ലക്ഷ്യങ്ങൾ കൈവരിക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കണം. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകാൻ പരിസ്ഥിതിക്കുള്ള ജീവിതശൈലി രൂപപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.