ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്‌ഡേഷന്റെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പ് മാർഗരേഖ പുറത്തിറക്കി. യൂസർ ഐഡി, പാസ്വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പിൻ, സിവിവി, ഒടിപി എന്നിവ ആവശ്യപ്പെട്ടുകൊണ്ട് എത്തുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് ഇമെയിലുകളും കോളുകളും വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം വകുപ്പ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനത്തെ ബോധവാന്മാരാക്കുന്നതിനുള്ള അറിയിപ്പ് നൽകണമെന്നും ടെലികോം വകുപ്പ് ഇന്റർനെറ്റ് സേവനദാതാക്കൾക്ക് നിർദ്ദേശം നൽകി.
15 ദിവസത്തിനുള്ളിൽ കമ്പനികൾ സ്വീകരിച്ച നടപടി ഏതെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ബാങ്കിൽ നിന്നുമെന്ന വ്യാജേന വിളിച്ച് സ്വകാര്യവിവരങ്ങൾ ചോർത്തി സാമ്പത്തിക തട്ടിപ്പ് വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.















