കൊല്ലം: അച്ചൻകോവിൽ വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് വനത്തിൽ അകപ്പെട്ടത്. കനത്ത മഴയിൽ തൂവൽമലയെന്ന സ്ഥലത്താണ് വിദ്യാർത്ഥികളും അദ്ധ്യാപകരും കുടുങ്ങിയത്.
ഇന്നലെ അർദ്ധരാത്രിയോടു കൂടിയാണ് 27 വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരും വനത്തിൽ കുടുങ്ങിയത്. പ്രകൃതി പഠന യാത്രയുമായി ബന്ധപ്പെട്ട് വനത്തിൽ എത്തിയതായിരുന്നു ഇവർ. വൈകുന്നേരം വനത്തിൽ കനത്ത മഴ പെയ്തതിന് പിന്നാലെയാണ് വഴിത്തെറ്റുകയും വനത്തിൽ കുടുങ്ങുകയും ചെയ്തത്. തുടർന്ന് വനംവകുപ്പും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷപ്പെടുത്തിയത്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും എല്ലാവരും സുരക്ഷിതതരാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.