പലർക്കും അലർജി എന്നത് വലിയ പ്രശ്‌നമായി മാറാറുണ്ട്. കാലാവസ്ഥക്ക് അനുസരിച്ചും, ഭക്ഷണങ്ങളിൽ നിന്നും പൊടികളിൽ നിന്നുമെല്ലാം ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. കാലാവസ്ഥയുടെ മാറ്റങ്ങളാണ് കൂടുതൽ പേരിലും അലർജിക്ക് കാരണം. അലർജി മൂലം തുമ്മൽ, കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങളും ചർമ്മങ്ങളിൽ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. അലർജി രോഗങ്ങൾക്ക് നിരവധി മരുന്നുകൾ ലഭ്യമാണ്. എന്നിരുന്നാലും ചില സുഗന്ധതൈലങ്ങൾ ( essential oil ) ഉപയോഗിക്കുന്നത് വഴി അലർജിയിൽ നിന്നും ഒരു പരിധി വരെ ആശ്വാസം ലഭിക്കും.
1. ലാവൻഡർ ഓയിൽ
ശരീരത്തിലെ അലർജിക്ക് ഏറ്റവും മികച്ചതാണ് ലാവൻഡർ ഓയിൽ. കൂടാതെ ഉത്കണ്ഠ കുറയ്‌ക്കുന്നതിനും മികച്ച ഉറക്കം നൽകുന്നതിനും ഇത് സഹായിക്കും. അലർജി മൂലമുണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾക്ക് ലാവൻഡർ ഓയിൽ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു സാധാരണ എണ്ണയുടെ കൂടെ ലാവൻഡർ ഓയിൽ മുന്നോ നാലോ തുള്ളി ചേർത്ത് ശരീരത്തിൽ പുരട്ടാം. അല്ലെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി ഒഴിക്കുകയും ചെയ്യാം.
2. ടീ ട്രീ ഓയിൽ
ആന്റി-ഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി-വൈറൽ ഗുണങ്ങളാൽ സമ്പന്നമാണ് ടീ ട്രീ ഓയിൽ. ഇത് ചില ചർമ്മ അലർജികൾക്ക് അനുയോജ്യമാണ്. എന്നാൽ എല്ലാവർക്കും ഇത് ഗുണകരമാകണമെന്നില്ല. അതിനാൽ ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നതിന് മുൻപ് ആദ്യമൊരു പാച്ച് ടെസ്റ്റ് നടത്തുക. അതിന് ശേഷം ഇത് അലർജി ഉണ്ടാക്കുന്നില്ലായെന്ന് മനസ്സിലാക്കിയാൽ മാത്രം ഉപയോഗിക്കാൻ തുടങ്ങുക. ഒരു കോട്ടൺ തുണിയിൽ രണ്ടോ മുന്നോ തുള്ളി ഓയിൽ എടുത്ത് അലർജിയുള്ള ചർമ്മ ഭാഗങ്ങളിൽ പുരട്ടുക. ഇതൊരിക്കലും കഴിക്കാൻ പാടില്ല.
3. യൂക്കാലിപ്റ്റസ് ഓയിൽ
സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് യൂക്കാലിപ്റ്റസ് ഓയിൽ. സീസണൽ അലർജികൾക്കും യൂക്കാലിപ്റ്റസ് അനുയോജ്യമാണ്. ശ്വാസകോശ രോഗങ്ങൾ സൈനസ് പോലുള്ള അലർജിയുടെ ലക്ഷണങ്ങൾ കുറക്കുന്നതിനും ഇത് സഹായിക്കും.
4. പെപ്പർ മിന്റ് ഓയിൽ
പെപ്പർമിന്റ് ഓയിൽ മറ്റൊരു ഫലപ്രദമായ സുഗന്ധതൈലമണ്. അലർജികൾക്കും ജലദോഷം, ചുമ, സൈനസൈറ്റിസ്, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയിൽ നിന്നും ഇവ ആശ്വാസം നൽകുന്നു. ദിവസം ഒന്നോ രണ്ടോ തുള്ളി വീതം ഈ ഓയിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
5. ലെമൺ ഓയിൽ
സിട്രസ് സുഗന്ധമുള്ള ഈ ഓയിൽ നിങ്ങളുടെ സീസണൽ അലർജിയുടെ ലക്ഷണങ്ങൾ കുറയ്‌ക്കുന്നതിന് ഉപയോഗപ്രദമാണ്. ഇവ ശ്വാസകോശവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കുറക്കുന്നതിന് നല്ലതാണ്. അലർജി തടയാൻ ഏതെങ്കിലും സാധാരണ എണ്ണയിൽ കുറച്ച് തുള്ളി ലെമൺ ഓയിൽ ചേർത്ത് ചർമ്മത്തിൽ പുരട്ടാം.















