കോട്ടയം: ആശുപത്രി നിയമന തട്ടിപ്പുകേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി വാങ്ങി തരാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
ജോലി വാഗ്ദാനം ചെയ്ത് അരവിന്ദ് ആലപ്പുഴ ചിങ്ങോലി സ്വദേശിനിയിൽ നിന്നും 50,000 രൂപ വാങ്ങിയെടുത്തിരുന്നു. പണം വാങ്ങിയ ശേഷം ആരോഗ്യവകുപ്പിന്റെ വ്യാജ സീലും, ലെറ്റർഹെഡും നിർമ്മിച്ച് ചിങ്ങോലി സ്വദേശിനിക്ക് ഇയാൾ നൽകി. സെഷൻ ഓഫീസരാണെന്ന് വ്യാജേന ഇയാൾ തന്നെ ഒപ്പിട്ട് നൽകിയ നിയമന ഉത്തരവും നൽകിയിരുന്നു. എന്നാൽ പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് ഇവർ അറിയുന്നത്. ഇതോടെ ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ചിങ്ങോലി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.