പത്തനംതിട്ട: തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു (20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് നീതു തുടർച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിലാണ് ഇവർ പ്രസവിച്ചത്. നീതുവിന്റെ കാമുകനായ തൃശൂർ സ്വദേശിയുടെ പങ്ക് അന്വേഷിച്ചുവരികയാണ്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നീതുവിനെ ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നീതു പോലീസിനോട് പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയാണ് യുവതി.