വാഷിംഗ്ടൺ: ബിബിസിയുടെ പുതിയ തലവനായി ഇന്ത്യൻ വംശജനായ ഡോ. സമീർ ഷാ എത്തുന്നു. സമീർഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള സംഭാഷണങ്ങൾ ചോർന്നതിനെ തുടർന്ന് ബിബിസി ചെയർമാനായിരുന്ന റിച്ചാർഡ് ഷാർപ്പിൻ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 71 കാരനായ സമീർഷായുടെ നിയമനം.
1952-ൽ മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സമീർ ഷാ ജനിച്ചത്. 1960-ലാണ് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. മുമ്പ് ബി.ബി.സി.യിൽ കറന്റ് അഫയേഴ്സ് ആൻഡ് പൊളിറ്റിക്കൽ പ്രോഗ്രാമുകളുടെ തലവനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ- റേഡിയോ പ്രൊഡക്ഷൻ കമ്പനിയായ ജൂനിപ്പറിന്റെ സിഇഒയും ഉടമയുമയും കൂടിയായ സമീർഷാ ബിബിസിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
40 വർഷത്തിലേറെയായി പ്രക്ഷേപണ മേഖലയിൽ പ്രവർത്തിക്കുന്ന സമീർഷായുടെ സേവനങ്ങൾക്ക് 2019-ൽ എലിസബത്ത് രാജ്ഞി കമാർഡർ ഓഫ് ബ്രീട്ടീഷ് എംപയർ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 2002-ൽ റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ ഫെലോയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സമീർ ഷായുടെ നിയമിച്ചു കൊണ്ടുള്ള ഋഷി സുനക് സർക്കാരിന്റെ ഉത്തരവിനെ ബിബിസി സ്വാഗതം ചെയ്തു. ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ചെയർപേഴ്സണായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ബിബിസി വൃത്തങ്ങൾ അറിയിച്ചു.