കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരായ ഇടുക്കി വെൺമണി സ്വദേശി നിജോ തോമസ്, 26-ാം മൈൽ പുൽപ്പാറ ബിനു പിപി എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. പേട്ട സ്കൂളിന് സമീപത്ത് വച്ചാണ് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്. കട്ടപ്പനയ്ക്ക് പോകുകയായിരുന്ന സ്വകാര്യബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ബൈക്ക് യാത്രികനായ ബിനു സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിജോയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.