റോം: അമ്പത് വർഷം മുമ്പ് കാണാതെപ്പോയ 109 മില്യൺ ഡോളർ വിലമതിക്കുന്ന പെയിന്റിംഗ് കണ്ടെത്തി. ഇറ്റലിയിലെ ഗ്രഗ്‌നാനോ എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനായിരുന്ന സാന്ദ്രോ ബോട്ടിസെല്ലിയുടെ പെയിന്റിംഗാണ് അരനൂറ്റാണ്ടിന് ശേഷം കണ്ടെത്തിയത്. ഗ്രാമത്തിലെ ഒരു വീടിന്റെ ചുമരിൽ തൂക്കിയിട്ട നിലയിലായിരുന്നു പെയിന്റിംഗ് ഉണ്ടായിരുന്നത്.
കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 1470-ൽ റോമൻ കത്തോലിക്കാ സഭയാണ് സാന്ദ്രോ ബോട്ടിസെല്ലിയിൽ നിന്നും ഈ പെയിന്റിംഗ് വാങ്ങിയത്. പെയിന്റിംഗ് നഷ്ടപ്പെടുന്നതിന് മുമ്പ് സാന്താ മരിയ ലാ കാരിറ്റയിലെ ഒരു പള്ളിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. എന്നാൽ ഒരു ഭൂകമ്പത്തെ തുടർന്ന് ഈ പെയിന്റിംഗ് സൂക്ഷിക്കുന്നതിനായി ഒരു കുടുംബത്തെ ചുമലതപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ ചിത്രം തലമുറകളായി കൈമാറി സൂക്ഷിക്കുകയായിരുന്നു എന്ന് അധികാരികൾ പറയുന്നു.
ബോട്ടിസെല്ലിയുടെ അവസാനത്തെ ചിത്രങ്ങളിലൊന്നാണിത്. കാലപ്പഴക്കം മൂലം ചെറിയ കേടുപാടുകൾ ചിത്രത്തിനുണ്ട്.’ദി ബർത്ത് ഓഫ് വീനസ്, പ്രിമുവെര എന്നിവയാണ് ബോട്ടിസെല്ലിയുടെ പ്രശസ്തമായ മറ്റ് പെയിന്റിംഗുകൾ. 134 കലാസൃഷ്ടികളാണ് അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നും രൂപംകൊണ്ടത്.