ഒരു ചീങ്കണ്ണി കുഞ്ഞിന്റെ ജനനം ആഘോഷമാക്കുകയാണ് ഫ്ലോറിഡയിലെ പ്രശസ്ത അലിഗേറ്റർ പാർക്കായ ഗേറ്റർലാൻഡ് ഒർലാൻഡോ. മുട്ട വിരിഞ്ഞുണ്ടായത് വെളുത്ത ചീങ്കണ്ണി(White Alligators) ആയിരുന്നു എന്നതാണ് കാരണം. എന്താണ് അതിന് ഇത്ര പ്രത്യേകത എന്ന് ചോദിച്ചാൽ, 36 വർഷം മുമ്പാണ് ഇത്തരത്തിൽ ഒരു വെളുത്ത ചീങ്കണി ജനിക്കുന്നത് എന്നത് തന്നെ. ‘ഇത് അപൂർവവും അസാധാരണവും ലോകത്തിലെ ആദ്യത്തേതും’ എന്നാണ് ചീങ്കണ്ണി കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗേറ്റർലാൻഡ് ഒർലാൻഡോ പാർക്ക് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
ലോകത്താകമാനം ഇന്ന് 7 ല്യൂസിസ്റ്റിക് അലിഗേറ്ററുകൾ മാത്രമാണ് അവശേഷിക്കുന്നത്. അമേരിക്കൻ അലിഗേറ്ററിലെ ഏറ്റവും അപൂർവമായ ജനിതക വ്യതിയാനമാണ് ല്യൂസിസ്റ്റിക് അലിഗേറ്ററുകൾ. ലോകത്ത് അവശേഷിക്കുന്ന ഏഴ് ചീങ്കണ്ണികളിൽ മൂന്ന് എണ്ണം ഗേറ്റർലാൻഡ് പാർക്കിലാണ് വസിക്കുന്നത്. പിങ്ക് കണ്ണുകളും പിഗ്മെന്റ് പൂർണ്ണമായും നഷ്‌ടപ്പെടുന്ന ആൽബിനോ അലിഗേറ്ററുകളിൽ നിന്ന് ഇവ വ്യത്യസ്തമാണ്.
ആൽബിനിസം ജന്മനാ ഉള്ള ഒരു അസാധാരണത്വമാണ്. മെലാനിൻ എന്നറിയപ്പെടുന്ന ഇരുണ്ട പിഗ്മെന്റേഷന്റെ പൂർണ്ണമായ അഭാവമാണിത്. എന്നിരുന്നാലും, മറ്റ് പിഗ്മെന്റ് സെൽ തരങ്ങളുള്ള സ്പീഷീസുകൾ പൂർണ്ണമായും വെളുത്തതല്ല, പക്ഷേ ഇളം മഞ്ഞ നിറം കാണിക്കുന്നു. എന്നാൽ മെലാനിൻ മാത്രമല്ല, എല്ലാത്തരം ചർമ്മ പിഗ്മെന്റുകളുടെയും നിറം കുറയുന്നതാണ് ല്യൂസിസത്തിന്റെ സവിശേഷത.
എന്തായാലും ഈ അപൂർവമായ ജനനം ല്യൂസിസ്റ്റിക് അലിഗേറ്ററുകളെന്ന അതുല്യമായ ജീവിവർഗത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്കും സംരക്ഷണ ശ്രമങ്ങൾക്കും ആവേശകരമായ അവസരങ്ങൾ നൽകും. പ്രകൃതിയുടെ ഈ അത്ഭുതത്തിന് സാക്ഷ്യം വഹിക്കാൻ സന്ദർശകരെ ക്ഷണിച്ചുകൊണ്ട് 2024-ന്റെ തുടക്കത്തിൽ വെളുത്ത ചീങ്കണ്ണിയെ കുഞ്ഞിനെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ പദ്ധതിയിടുകയാണ് ഗേറ്റർലാൻഡ് ഒർലാൻഡോ പാർക്ക്.