കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായി. ഒന്നാം പ്രതി പദ്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. നാലര മണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11.30-ഓടെ ആരംഭിച്ച തെളിവെടുപ്പ് മൂന്ന് മണിയോടെയാണ് പൂർത്തിയായത്.
ഇന്ന് പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവെടുപ്പിലേക്ക് കടന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ ദിവസത്തെ സംഭവങ്ങളെല്ലാം ഒരിക്കൽ കൂടി വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചു. വീട്ടിലെ തെളിവെടുപ്പ് പൂർത്തിയായതോടെ ഇനി വാഹനത്തിന് വേണ്ടി വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചിടത്തേക്കും കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ഥലത്തേക്കുമായിരിക്കും എത്തിക്കുക.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനായി ഉപയോഗിച്ച കാറുൾപ്പെടെ ഇവിടെയുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇതും കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ആദ്യം കേസിലെ ഒന്നാം പ്രതി പദ്മകുമാറിനെയാണ് വാഹനത്തിൽ നിന്നും പുറത്തിറക്കിയത്. ഇതിന് ശേഷമാണ് അനിതാകുമാരിയെയും അനുപമയെയും വീട്ടിലെത്തിച്ചത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കാർ കേന്ദ്രീകരിച്ച് വിശദമായ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.















