ഗ്രീസിലെ കൊരിന്ത് ഉൾക്കടലിൽ വിചിത്ര ഡോൾഫിനെ കണ്ടെത്തി. ചൂണ്ടുവിരലും പെരുവിരലും ചേർത്ത് വെച്ചാൽ ലഭിക്കുന്ന വളഞ്ഞ ആകൃതിയിലാണ് വിചിത്ര ഡോൾഫിന്റെ ചിറകുകൾ എന്നതാണ് ഏറെ ശ്രദ്ധേയം. പെലാഗോസ് സെറ്റേഷ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ സർവേയിലാണ് ഈ ഡോൾഫിനെ രണ്ട് തവണ കണ്ടെത്തിയത്. Dolphin with ‘Thumbs’ എന്നാണ് ശാസ്ത്രജ്ഞർ ഇതിനെ വിശേഷിപ്പിച്ചത്.
ചിറകിന് ചെറിയ രീതിയിൽ വളവ് ഉണ്ടെങ്കിലും മറ്റ് ഡോൾഫിനുകൾക്കൊപ്പം കുതിച്ചു ചാടാനും നീന്താനും വേഗത നിലനിർത്താനും ഇതിന് കഴിയുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗ്രീസ് ഉൾക്കടലിൽ കഴിഞ്ഞ 30 വർഷമായി സംഘം ഡോൾഫിനുകളെ നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് പതിറ്റാണ്ട് നടത്തിയ സർവേയിൽ ആദ്യമായാണ് ഇത്തരമൊരു ഡോൾഫിനെ കണ്ടെത്താനായതെന്ന് ഗവേഷകസംഘം വ്യക്തമാക്കി. അതിശയിപ്പിക്കും വിധത്തിലുള്ള രൂപകൽപനയാണ് വിചിത്ര ഡോൾഫിനെന്ന് ചിത്രം പകർത്തിയ അലക്സാന്ദ്രോസ് ഫ്രാൻസിസ് പറയുന്നു.
1,300-ഓളം ഡോൾഫിനുകളാണ് കൊരിന്ത് ഉൾക്കടലിൽ ഉള്ളതെന്നും എന്നാൽ ആദ്യമായാണ് ഇത്തരം ഡോൾഫിനെ കാണുന്നതെന്നും സംഘം പറഞ്ഞു. ഡോൾഫിനുകളുടെ ചിറകുകളുടെ രൂപകൽപനയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നതാണ് കണ്ടെത്തൽ. ഗർഭാശയത്തിലെ വളർച്ചയ്ക്കിടെ ജനിതക വൈകല്യമാകാം ചിറകുകളിലെ വ്യത്യസ്തയ്ക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ഡോൾഫിനുകളുടെ ആവാസ കേന്ദ്രമാണ് കൊരിന്ത് ഉൾക്കടൽ. വ്യത്യസ്ത ഇനത്തിലുള്ള ഡോൾഫിനുകൾ ഇവിടെയുണ്ട്.