നല്ല കറുത്ത വസ്ത്രമൊക്കെ അണിഞ്ഞ് സ്റ്റൈലിഷായി പുറത്തിറങ്ങാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. കറുപ്പിന് ഏഴഴകാണെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ എല്ലായ്പ്പോഴും എല്ലാവർക്കും ഈ കറുപ്പിനോട് അത്ര ഇഷ്ടമുണ്ടായി എന്ന് വരില്ല. ചിലർക്ക് കറുത്ത വസ്തുക്കളോട് ഭയം, കറുത്ത നിറത്തോട് ഭയമൊക്കെ തോന്നാം. ഇത് ഒരു തരം രോഗാവസ്ഥയാണ്. ഇത്തരത്തിൽ കറുപ്പ് കാണുമ്പോൾ അല്ലെങ്കിൽ കറുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന ഭയത്തെ ‘മെലാനോഫോബിയ‘ (Melanophobia) എന്നാണ് വിശേഷിപ്പിക്കുന്നത്.
കറുപ്പ് കണ്ടാൽ ഭയം, ഇരുട്ട്, മരണം, നഷ്ടപ്പെട്ടുവെന്ന തോന്നൽ, ഒറ്റപ്പെടൽ, നിരാശ, രാത്രി തുടങ്ങിയ പല ചിന്തകളുമുണ്ടാകും. ഇവയാകാം ഇവരുടെ ഭയപ്പാടിന് പുറകിൽ. കറുപ്പിനോട് മാത്രമല്ല, ഇരുണ്ട നിറത്തോടു പോലും ഇത്തരത്തിൽ ഫോബിയയുള്ളവർക്ക് പ്രശ്‌നമുണ്ടാകാം. ഇത്തരക്കാരിൽ ഒറ്റയ്‌ക്കിരിക്കാനുള്ള ഭയം, നിറങ്ങളോടുള്ള ഭയം, ചന്ദ്രനോടുള്ള ഭയം, മരണത്തോടുള്ള ഭയം തുടങ്ങിയ വിവിധ തരം ഫോബിയകൾക്കുള്ള സാധ്യതയുമുണ്ടാകും ഇത്തരക്കാർക്ക്. മെലാനോഫോബിയ ഉള്ളവരിൽ കറുപ്പ് നിറം കാണുമ്പോൾ തലവേദന, വയറുവേദന, തലകറക്കം, ഡിപ്രഷൻ, അസ്വസ്ഥത എന്നിവ അനുഭവപ്പെടും.
കറുപ്പിനോടുള്ള ഭയം ഉണ്ടാവാനുള്ള കാരണം വൈദ്യശാസ്ത്ര വിദഗ്ധർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിലപ്പോൾ ജനിതക തകരാർ കൊണ്ട് മെലാനോഫോബിയ വരാൻ സാധ്യതയുണ്ട്. ഒരു വ്യക്തി വളർന്നു വരുന്ന സാഹചര്യം, ഇടപെഴകുന്ന ആളുകൾ തുടങ്ങിയവ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. ഒരാൾക്ക് വൈകാരികമായി ഏതെങ്കിലും തരത്തിലുള്ള ആഘാതം സംഭവിക്കുകയോ അല്ലെങ്കിൽ നെഗറ്റീവ് എനർജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുകയോ മറ്റോ ചെയ്താലും അവർക്ക് കറുപ്പിനോടുള്ള ഭയമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ കാണുന്ന സിനിമകളോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ, അത്തരക്കാർക്കും മെലാനോഫോബിയ വരാനുള്ള സാധ്യതയുണ്ട്.
മെലാനോഫോബിയയിൽ നിന്ന് രക്ഷതേടുന്നതിനായി ആദ്യം തന്നെ രോഗികൾ തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുയാണ് വേണ്ടത്. നിറം സ്വാഭാവികമായി ഒരു കുഴപ്പവും സൃഷ്ടിക്കുന്നില്ലെന്ന് മനസിലാക്കാൻ ശ്രമിക്കുക. ഭയങ്ങളും ചിന്തകളും വിശ്വസിക്കുന്ന അടുത്ത സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ പങ്കുവെക്കുന്നതും ഒരാളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കുന്നതും പ്രധാനമാണ്. യോഗ പോലുള്ള വ്യായമ മുറകളും ഇത്തരക്കാർ പരിശീലിക്കുന്നത് ഏറെ നല്ലതാണ്. വ്യായാമം എൻഡോർഫിനുകൾ പുറത്തുവിടുകയും സമ്മർദ്ദകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. യോഗ ഉത്കണ്ഠ ഒഴിവാക്കാനും കൂടുതൽ യുക്തിസഹവും ആരോഗ്യകരവുമായ ചിന്തകളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനും സഹായിക്കുന്നു. ഇവയ്‌ക്കൊന്നും പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വൈദ്യം സഹായം തേടേണ്ടതാണ്.















