കോട്ടയം: ചിങ്ങവനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. കളഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജാണ് (35) കോടതിയിൽ കീഴടങ്ങിയത്. എട്ട് ലക്ഷം രൂപയും ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമാണ് സ്ഥാപനത്തിൽ നിന്ന് കവർന്നത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫൈസൽ രാജ് കീഴടങ്ങിയത്. കൊടകര ഇസാഫ് ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ് ഫൈസൽ രാജ്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 7നാണ് ചിങ്ങവനത്തെ സുധാ ഫൈനാൻസിൽ വൻ കവർച്ച നടന്നത്. പണത്തിനും സ്വർണത്തിനും പുറമെ ഇയാൾ സിസിടിവിയുടെയും ഡിവിആറും മോഷ്ടിച്ചിരുന്നു. തെളിവ് നശിപ്പിക്കാനായി പരിസരത്ത് പ്രതി സോപ്പുപൊടിയും വിതറിയിരുന്നു.