ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാക്പടയെ മുട്ടുകുത്തിച്ച വിജയ് ദിവസിൽ സൈന്യത്തെ ഏറെ അഭിമാനത്തോടെ ഓർക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ സായുധ സേന പ്രകടിപ്പിച്ച ധൈര്യത്തെയും ത്യാഗത്തെയും ഭാരതം ആദരിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ സൈന്യം കാണിച്ച ധീരതയെ രാജ്യം ആദരവോടെ ഓർമ്മിക്കുകയാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും രാജ്യത്തെ സംരക്ഷിച്ച നമ്മുടെ സായുധ സേനയെക്കുറിച്ച് ഓർത്ത് ഞാൻ അഭിമാനിക്കുന്നു. അവരുടെ ത്യാഗവും സേവനവും ഒരിക്കലും നമ്മുടെ മനസിൽ നിന്ന് മായാത്തതാണെന്നും രാജ്നാഥ് സിംഗ് എക്സിൽ കുറിച്ചു.
വിജയ് ദിവസത്തിൽ ഇന്ത്യക്കായി വിജയം വരെ പോരാടിയ ധീരന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. അവരുടെ ധീരതയും അർപ്പണബോധവും രാജ്യത്തിന് എന്നും അഭിമാനകരമാണ്. നമ്മുടെ സൈനികരുടെ ത്യാഗവും അചഞ്ചലമായ ആദർശവും തലമുറകൾക്കപ്പുറവും രാജ്യത്തെ ഓരോ പൗരന്റെയും ഉള്ളിൽ നിലനിൽക്കും. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുകയും അവരുടെ അജയ്യമായ ആത്മാവിനെ ഓർക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.