ഇടുക്കി: യുവമോർച്ച പ്രവർത്തകയ്ക്ക് നേരെ പോലീസ് പരാക്രമം. വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് കാട്ടിയ അനാസ്ഥയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്ന വനിത പ്രവർത്തകയെ പോലീസ് ഉദ്യോഗസ്ഥർ നിലത്തേക്ക് തള്ളിയിടുകയായിരുന്നു.
വനിതാ ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ട് കൂടി വനിതാ പ്രവർത്തകരെ പുരുഷ പോലീസിനെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കുകയായിരുന്നു. വനിതാ പ്രവർത്തകയ്ക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് യുവമോർച്ച.
വണ്ടിപ്പെരിയാർ കേസിൽ പോലീസ് കാട്ടിയ അലംഭാവത്തിനെതിരെ കഴിഞ്ഞദിവസം മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് തലസ്ഥാനത്ത് നടന്നത്. ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ വസതി ഉപരോധിക്കുകയും അദ്ദേഹത്തെ തടഞ്ഞുനിർത്തുകയും ചെയ്തു. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് വസതിക്ക് മുന്നിലെത്തിയ പ്രവർത്തകർ അരമണിക്കൂറോളം പ്രതിഷേധിച്ചു. ശേഷം പോലീസ് സംഘമെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.