സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹൻലാൽ. ഓരോ സിനിയിലെയും കഥാപാത്രമാകുമ്പോൾ മോഹൻലാൽ എന്നയാൾ അദൃശ്യമാകുകയാണെന്നും കഥാപാത്രത്തെ മാത്രമാണ് നിങ്ങൾ കാണേണ്ടതെന്നും മോഹൻലാൽ പറഞ്ഞു. പുതിയ ചിത്രം നേരിന്റെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഇത്രയും സിനിമയൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ആദ്യ സിനിമ ചെയ്യുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. സിനിമയിൽ തന്നെ നിൽക്കണമെന്ന് ഞാൻ അന്നും ഇന്നും ആഗ്രഹിച്ചിട്ടില്ല. സിനിമ പ്രൊഫഷണൽ ആക്കണമെന്നും ഞാൻ വിചാരിച്ചിരുന്നില്ല. പക്ഷേ ഇതൊക്കെ സംഭവിക്കുന്നതാണ്. ദൃശ്യം എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഇത് ഭയങ്കരമായി വിജയിക്കും എന്നൊന്നും കരുതിയിരുന്നില്ല.
ഒരു ഇടവേളയും എടുത്തിട്ടില്ല. സിനിമകൾ വന്നോണ്ടിരുന്നു. ഏറ്റവും നല്ല ആൾക്കാരുമായി എനിക്ക് സിനിമ ചെയ്യാൻ സാധിച്ചു.ആദ്യം ചെയ്ത സിനിമ മുതൽ ഇപ്പോൾ വരെ ഞാൻ സിനിമ ചെയ്യുന്നു. അതിന് വേണ്ടി ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചിട്ടില്ല. നമ്മൾ ചെയ്തിരിക്കുന്ന ഒരു നല്ല കാര്യത്തെ ഞങ്ങൾ നിങ്ങളിലേക്ക് തരുന്നു. അത് മോശമാണോ അല്ലെയോ എന്ന് പറയേണ്ടതും വിമർശിക്കേണ്ടതുമൊക്കെ നിങ്ങളാണെന്നും മോഹൻലാൽ പറഞ്ഞു.















