ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC )2023-2025 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യ. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയയോട് പാകിസ്താൻ 360 റൺസിന് തോറ്റതിന് പിന്നാലെയാണിത്. ഇതോടെ പിസിടി പോയിന്റിൽ ഇന്ത്യയും പാകിസ്താനും 66.67 ശതമാനത്തോടെ ഒന്നാം സ്ഥാനത്താണ്. പട്ടികയിൽ ഇന്ത്യയ്‌ക്ക് 16 പോയിന്റും പാകിസ്താന് 24 പോയിന്റുമാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ രണ്ട് മത്സരങ്ങളിൽ ജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്തു.എന്നാൽ ഇന്ത്യയുടെ അക്കൗണ്ടിൽ ഒരു ജയവും സമനിലയുമാണുള്ളത്.
പെർത്ത് ടെസ്റ്റിന് മുമ്പ് പാകിസ്താന്റെ വിജയശതമാനം 100% ആയിരുന്നു. ഓസ്‌ട്രേലിയയോട് തോറ്റത്തിന് പിന്നാലെയാണ് വിജയശതമാനം 66.67% ആയി കുറഞ്ഞത്. ഐസിസിയുടെ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയാണ് ഒന്നാമത്. ഈ മാസമാദ്യം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സമനിലയിൽ പിരിഞ്ഞതോടെ ന്യൂസിലൻഡും ബംഗ്ലാദേശും 50% വീതം വിജയശതമാനത്തോടെ മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഓസ്‌ട്രേലിയ 41.67% നേടി അഞ്ചാം സ്ഥാനത്താണ്.
ഓസ്‌ട്രേലിയ ഉയർത്തിയ 450 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ 89 റൺസിന് ഓൾഔട്ടാകുകയായിരുന്നു. സ്‌കോർ ഓസ്‌ട്രേലിയ 487, 233-5; പാകിസ്താൻ 271, 89. 24 റൺസെടുത്ത സൗദ് ഷക്കീലാണ് പാക് നിരയിലെ ടോപ് സ്‌കോറർ. ബാബർ അസം (14), ഇമാമുൽ ഹഖ് 10 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. അബ്ദുളള ഷെഫീഖ് (2), ഷാൻ മസൂദ് (2), സർഫറാസ് അഹമ്മദ് (4), അഗ സൽമാൻ (5), ഫഹീം അഷ്റഫ് (5), അമീർ ജമാൽ (0), കുറം ഷെഹ്സാദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. മൂന്ന് റൺസുമായി ഷഹീൻ ഷാ അഫ്രീദി പുറത്താകാതെ നിന്നു. ഓസീസിനായി മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ മൂന്ന് വിക്കറ്റും നേഥൻ ലിയോൺ രണ്ട് വിക്കറ്റും വീഴ്‌ത്തി. പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും സ്വന്തമാക്കി.















