കൊല്ലം: നവകേരള സദസിന് മുന്നോടിയായി കശുവണ്ടി പരിപ്പിൽ മുഖ്യമന്ത്രിയുടെ രൂപം തീർത്ത് കലകാരൻ ഡാവിഞ്ചി സുരേഷ്. കൊല്ലം ബീച്ചിലാണ് പിണറായി വിജയന്റെ 30 അടി വിസ്തീർണമുള്ള രൂപം തീർത്തിരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ കശുവണ്ടിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് ഡാവിഞ്ചി സുരേഷ് വ്യക്തമാക്കി.
വിവിധ തരത്തിലുള്ള പരിപ്പ് വേർത്തിരിച്ചാണ് പിണറായിയുടെ ചിത്രം മണൽത്തരികളിൽ തീർത്തിരിക്കുന്നത്. കശുവണ്ടി വികസന കോർപ്പറേഷൻ, കാപക്സ്, കേരള കാഷ്യു ബോർഡ്, KCWRWFB, KSCACC എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കശുവണ്ടി വ്യവസായത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് ആശയത്തിന് പിന്നിൽ.
നേരത്തെ 38 തരം മത്സ്യങ്ങൾ ഉപയോഗിച്ചും മുഖ്യമന്ത്രിയുടെ ചിത്രം ഡാവിഞ്ചി സുരേഷ് നിർമ്മിച്ചിരുന്നു. വിവിധ നിറങ്ങളിലുള്ള കടല്‍, കായല്‍ മത്സ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് 16 അടി വലുപ്പത്തിലുള്ള രൂപമാണ് പൂർത്തിയാക്കിയത്. നവകേരള സദസിന് കയ്പമംഗലം മണ്ഡലത്തില്‍ എത്തുന്നതിന്റെ ആദരസൂചകമായിട്ടായിരുന്നു ചിത്രം നിർമ്മിച്ചത്.