മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭയന്തർ ശാഖയിൽ പ്രതിഷ്ഠ വാർഷിക ദിനാചരണം നടന്നു. ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹത്തിന്റെ അഞ്ചാമത് പ്രതിഷ്ഠാ വാർഷികമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇന്നും നാളെയുമായാണ് പ്രതിഷ്ഠാ വാർഷികാഘോഷം നടക്കുന്നത്. ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഭയന്തർ ശാഖയോഗം, വനിതാ സംഘം യുണിറ്റ്, യൂത്ത് മൂവ് മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ നട തുറന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഗുരു പൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതിയുടെ ആലാപനം, മഹാമൃതുഞ്ജയ ഹോമം, ഉച്ചപൂജ, സർവൈശ്വര്യ പൂജ ദീപാരാധന എന്നിവ നടക്കും. പി.ജി.വിനീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വിവിധ ചടങ്ങുകൾ നടക്കും. വൈകിട്ട് ഏഴ് മണിമുതൽ ഗുരുദേവന്റെ ഈശ്വരീയത എന്ന വിഷയത്തിൽ വാകത്താനം ശ്രീമദ് ഭാഗവത സപ്താഹ ആചാര്യൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ പ്രഭാഷണം ഉണ്ടായിരിക്കും.
രണ്ടാം ദിവസമായ നാളെ പ്രത്യേക പൂജകളെ കൂടാതെ കലശപൂജ, നവഗം, പഞ്ചഗവ്യം, കലശാഭിഷേകം, പറ നിറയ്ക്കൽ, പ്രഭാഷണം എന്നിവ നടക്കും. ഇവയ്ക്ക് പുറമെ വൈകിട്ട് അഞ്ച് മണി മുതൽ വാദ്യമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വർണശബളമായ ഘോഷയാത്ര സംഘടിപ്പിക്കും. പ്രതിഷ്ഠ വാർഷികം ദിനാചരണത്തിന്റെ ഭാഗമായി ദീപാരാധനയും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ശാഖാ സെക്രട്ടറി വി കെ ഗോപിനാഥൻ അറിയിച്ചു.