കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വായിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
പെരുമ്പാവൂർ സ്വദേശി ഹാഫിസിന്റേതാണ് കമ്പനി. ഇവിടെ പ്രവർത്തിക്കുന്ന ജീവനക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ആറ് യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്ലൈവുഡ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്നിടത്താണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് കമ്പനിയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കമ്പനിയൂടെ ഒരു ഭാഗം പൂർണമായും കത്തി നശിച്ചുവെന്നാണ് വിവരം. അപകടത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.