എറണാകുളം: തൃക്കാക്കരയിലെ നവകേരള സദസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്ച തൃക്കാക്കരയിൽ നടക്കുന്ന നവകേരള സദസിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണി കത്തെത്തിയത്. തങ്ങൾ പഴയ കമ്യൂണിസ്റ്റുകാരാണെന്ന് കത്തിൽ പറയുന്നുണ്ട്.
തിങ്കളാഴ്ചയാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് നടക്കുന്നത്. കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ചതാണ് തിങ്കളാഴ്ച നടക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നവംബർ 9-ന് സെക്രട്ടറിയേറ്റിന് നേരെ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സെക്രട്ടറിയേറ്റിന്റെ എല്ലാ ഭാഗങ്ങളും പരിശോധിച്ചിരുന്നു. പൊഴിയൂരിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് പോലീസ് കണ്ടെത്തിയത്.