മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രിയിലാണ് പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചും ബോംബ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്തിയിട്ടില്ല.
ഈയാഴ്ച രണ്ടാം തവണയാണ് മുംബൈയിൽ അജ്ഞാത ബോംബ് സന്ദേശം വരുന്നത്. ഇതിന് മുൻപ് റിസർവ് ബാങ്കിലേക്ക് ഒരു അജ്ഞാത ഇ-മെയിൽ സന്ദേശം വന്നിരുന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ രാജിവയ്‌ക്കണമെന്നും ഇല്ലെങ്കിൽ മുംബൈയിലെ 11 സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വഡോദരയിൽ നിന്നും മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.















