ചെന്നൈ: 26 കാരനായ പിജി ഡോക്ടറെ ഞായറാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി.ഡോ.തമിഴ് അഴകൻ ആണ് അന്തരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായ ഇദ്ദേഹം മരിച്ചത് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലമാണ് എന്നാണ് നിഗമനം. തുടർച്ചയായി 48 മണിക്കൂർ ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തിന് ശനിയാഴ്ച ഡ്യൂട്ടി സമയത്ത് കടുത്ത തലവേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് 3 മണിയോടെ അദ്ദേഹം വിശ്രമിക്കാൻ പോയി. പിന്നീട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസമാദ്യം രണ്ട് ഡോക്ടർമാരുടെ മരണത്തിന് ശേഷം 26 കാരനായ മറ്റൊരു മെഡിക്കോ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുടെ മരണം തമിഴ്‌നാട്ടിലെ മെഡിക്കൽ രംഗത്തെ ഞെട്ടിച്ചു.
ഡിസംബർ ആദ്യവാരം ചെന്നൈയിലെ ആശുപത്രികളിൽ 48 മണിക്കൂർ സമയത്തിനുള്ളിൽ രണ്ടു ഡോക്ടർമാർ മരിച്ചിരുന്നു. മദ്രാസ് മെഡിക്കൽ കോളേജിലും അയനാവരത്തെ ഇഎസ്‌ഐ ആശുപത്രിയിലും ജോലി ചെയ്തിരുന്ന ഡോ.മരുതുപാണ്ഡ്യനും ഡോ. സോലൈസാമിയും ആണ് മരണമടഞ്ഞത്.
48 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ രണ്ട് ഡോക്ടർമാർ മരിച്ചു: നീണ്ട ജോലി സമയവും മാനസികസമ്മർദ്ദവും കാരണമെന്ന് മെഡിക്കൽ സംഘടനകൾ.
അമിത ജോലിഭാരം മൂലം ഡോക്ടർമാർ മരിക്കുന്നത് തമിഴ് നാട്ടിൽ തുടർക്കഥയാകുന്നതിൽ മെഡിക്കൽ ഫ്രറ്റെണിറ്റി ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡോക്ടർമാരുടെ മരണങ്ങളിൽ ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി ഞെട്ടൽ രേഖപ്പെടുത്തി.
“തമിഴ്‌നാട് സർക്കാർ ദൈർഘ്യമേറിയ ജോലി സമയം ഉടൻ അവസാനിപ്പിക്കണം. പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്കും ബിരുദാനന്തര ബിരുദധാരികൾക്കും എട്ട് മണിക്കൂർ മാത്രം ജോലി ഉറപ്പാക്കണം. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരെയും നഴ്‌സുമാരെയും മെഡിക്കൽ സ്റ്റാഫിനെയും നിയമിക്കണം”, ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി സെക്രട്ടറി ഡോ ആർ ശാന്തി ആവശ്യപ്പെട്ടു .
ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അസോസിയേഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഇത്തരം സംഭവങ്ങൾ തടയാൻ ജോലി സമയം ക്രമപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മീഷനോട് ഇടപെടണമെന്ന് ഡോക്ടർമാരുടെ കൂട്ടായ്മ ആവശ്യയപ്പെട്ടിട്ടുണ്ട്.















