2024 കാമിലിഡേകളുടെ അന്താരാഷ്‌ട്ര വർഷമായി ആചരിക്കുമെന്ന് ഐക്യരാഷ്‌ട്ര സഭ പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഒട്ടകം ഉൾപ്പെടുന്ന സസ്തനി വർഗമാണ് കാമിലെഡേ. സസ്തനി വർഗത്തിലെ ടൈലോപോഡ ശ്രേണിയിൽപ്പെട്ട കുടുംബമാണ് കാമെലിഡേ അഥവ
ഉഷ്‌ട്രവംശി. നിലവിൽ ഏഴ് അംഗങ്ങളാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളത്. ഡ്രോമെഡറി ഒട്ടകങ്ങൾ, ബാക്ട്രിയൻ ഒട്ടകങ്ങൾ, കാട്ടു ബാക്ട്രിയൻ ഒട്ടകങ്ങൾ, ലാമകൾ, അൽപാക്കസ്, വികുനാസ്, ഗ്വാനക്കോസ് എന്നിവരാണ് കാമിലിഡേ കുടുംബത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ ഒട്ടകങ്ങളുടെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായാണ് ഐക്യരാഷ്‌ട്രസഭയുടെ സുപ്രധാന തീരുമാനം. 90-ലധികം രാജ്യങ്ങളിലെ ജനങ്ങളുടെ ഉപജീവന മാർഗമാണ് ഒട്ടകങ്ങൾ. പ്രാദേശിക സമൂഹത്തിന് ഭക്ഷ്യസുരക്ഷയും സാമ്പത്തിക വളർച്ച എന്നിവ ഉറപ്പാക്കാൻ ഈ ജന്തുവർഗം സഹായിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഇവ എങ്ങനെയാണ് ഉപജീവന മാർഗമായതെന്നത് സംബന്ധിച്ച് ആളുകളെ ബോധവാന്മാരാക്കുകയാണ് ഈ വർഷം ലക്ഷ്യം വഹിക്കുന്നതെന്ന് ഐക്യരാഷ്‌ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) വ്യക്തമാക്കുന്നു.
ഐക്യരാഷ്‌ട്രസഭ വിഭാവനം ചെയ്യുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) കൈവരിക്കുന്നതിൽ കാമിലിഡേവർഗം പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമായും പട്ടിണിയെ നേരിടാനും സ്ത്രീ ശാക്തീകരണത്തിനും ഇവ സഹായിക്കുന്നു. പാലിന്റെയും മാംസത്തിന്റെയും പ്രധാന ഉറവിടമാണ് ഒട്ടകങ്ങൾ. ഇതിന് പുറമേ മികച്ച ഗതാഗത മാർഗവുമാണ് ഇവ. വസ്ത്രങ്ങൾ നെയ്യാൻ ആവശ്യമായ നാരുകളും ഒട്ടകം നൽകുന്നു. എത്ര കഠിനമായ കാലാവസ്ഥയിലും അതിജീവിക്കാൻ ശേഷിയുള്ള അപൂർവ്വ ജീവി വർഗമായ കാമലിഡുകൾ കൃഷിക്ക് ആവശ്യമായ ജൈവ വളവും നൽകുന്നു. ഇതു വഴി നിരവധി പേർക്കാണ് ഇവ സഹായകരമാകുന്നത്.
ആൻഡീസ് പർവതനിരകളിലെ ഉയർന്ന പ്രദേശങ്ങളിലും ആഫ്രിക്കയിലെയും ഏഷ്യയിലെയും വരണ്ട പ്രദേശങ്ങളിലും കഴിയുന്നവരുടെ ജീവിതത്തിൽ വളരെ വലിയ പങ്ക് ഇവ വഹിക്കുന്നു. പർവതങ്ങളിലും വരണ്ട പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിൽ ഇവ പ്രധാനമാണ്. ഇക്കാരങ്ങളാൽ ഒട്ടകങ്ങളുടെ പങ്കിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് 2024-ൽ യുഎന്നിന്റെ ആഹ്വാനം.















