കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങും വഴി പത്താം ക്ലാസുകാരന് അപകടത്തിൽ കാൽ വിരൽ നഷ്ടമായി. എറണാകുളം പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫൈസലിനാണ് അപകടമുണ്ടായത്. വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടി മടങ്ങുകയായിരുന്നു ഫൈസലും കൂട്ടുകാരും.
മത്സരത്തിന് ശേഷം ചെന്നൈ-ഗുരുവായൂർ എക്സ്പ്രസിലാണ് ഫൈസലും കൂട്ടുകാരും മടങ്ങിയത്. ട്രെയിനിൽ സീറ്റ് കിട്ടാത്തതിൽ കൂട്ടുകാർക്കൊപ്പം വാതിലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. കൊല്ലം മൺറോതുരുത്തിലെത്തിയപ്പോൾ കാൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി. ഇടുകാലിന്റെ പെരുവിരലാണ് ഫൈസലിന് നഷ്ടമായത്.
തുടർന്ന് കായംകുളം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കും മാറ്റി. ചതഞ്ഞരഞ്ഞ പെരുവിരൽ മുറിച്ചുമാറ്റി. വലതുകാലിന്റെ മൂന്ന് ചെറുവിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്.