അബുദാബി: ഭാരതത്തിന്റെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്താനൊരുങ്ങി ദുബായ്. ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് മഹാമേള ഒരുങ്ങുന്നത്. സിദ്ധ, യുനാനി, ഹോമിയോ, ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, എന്നീ ചികിത്സാരീതികളെക്കുറിച്ചാണ് മേളയിൽ പരിചയപ്പെടുത്തുന്നത്.
ആഗോള തലത്തില്‍ തന്നെ ആയുഷ് ചികിത്സയുടെ പ്രസക്തി വര്‍ധിച്ച ഘട്ടത്തിലാണ് ഈ ചുവട് വെപ്പ്. വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതിനുള്ള ആയുഷ് ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുക എന്ന പ്രമേയത്തിലാണ് മൂന്നു ദിവസത്തെ ആയുഷ് സമ്മേളനവും, പ്രദർശനവും സംഘടിപ്പിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ സയൻസ് ഇന്ത്യ ഫോറവും, വേൾഡ് ആയുർവേദ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
ആയുർവേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ആരോഗ്യ ശാസ്ത്ര ശാഖകളുമായി ബന്ധപ്പെട്ടവർ സമ്മേളനത്തിൽ പങ്കെടുക്കും. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രാക്ടീഷണർമാർ, നയരൂപകർത്താക്കൾ, വ്യവസായികൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ മേളയിലെത്തും. വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങൾക്കുള്ള ഫലപ്രദവുമായ ആരോഗ്യ പരിരക്ഷാസംവിധാനമായി ആയുഷിനെ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
മഹാമേള ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പാറ മഹേന്ദ്രഭായ് കലുഭായ് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ , ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട വ്യക്തികൾ നേതൃത്വം നൽകുന്ന 50-ലധികം ചർച്ചകളും 300-ലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 ലേറെ പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും.
പ്രദർശനം മൂന്ന് ദിവസങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.. ആയുഷ് സംവിധാനങ്ങളെക്കുറിച്ച് പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി മൂന്ന് ദിവസവും വൈകുന്നേരങ്ങളിൽ ബോധവൽക്കരണ പരിപാടികൾ ഉണ്ടാകും. ayushdubai.org എന്ന വെബ് സൈറ്റിലൂടെ പൊതുജനങ്ങൾക്കും പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.ആയുഷ് മേഖലയിൽ നിന്നുള്ള ആരോഗ്യ പ്രദർശനങ്ങൾക്കായി നൂറിലധികം സ്റ്റാളുകൾ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കും. ആയുഷ് ഫാർമ, എഫ്എംസിജി ഉൽപന്നങ്ങൾ, ആയുഷ് സേവന ദാതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ആയുഷ് ഉപകരണങ്ങൾ, വിവിധ സർക്കാർ ആയുഷ് സംവിധാനങ്ങൾ എന്നീ വിഭാഗങ്ങൾ പ്രദർശനത്തിന്റെ ഭാഗമാകും.















