പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഹിൽവ്യൂവിൽ നിന്നും തീർത്ഥാടകരെ കയറ്റുന്നതിന് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. പമ്പയിൽ നിന്നും തീർത്ഥാടകരെ കയറ്റുന്നതിനായി ബസുകൾ നിർത്തിയിട്ടിരുന്ന സ്ഥലത്ത് നിന്നും സ്റ്റോപ്പിലേക്ക് എടുക്കവെയാണ് തീപടർന്നത്. ഡോർ തുറക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തീപടർന്നതിന് പിന്നാലെ ബസ് ജീവനക്കാർ തന്നെ വാഹനത്തിലുണ്ടായിരുന്ന ഉപകരണം ഉപയോഗിച്ച് തീയണച്ച ശേഷം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ബസിന് തീപിടിച്ചുണ്ടായ രണ്ടാമത്തെ അപകടമാണിത്.