ന്യൂഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സമിതിക്ക് പൊതുജനങ്ങളിൽ നിന്ന് 5,000 നിർദ്ദേശങ്ങൾ ലഭിച്ചു. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതി ജനുവരി അഞ്ചിനാണ് ഒരേസമയം വോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച്
പൊതുജനാഭിപ്രായം തേടിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 5,000 ഇമെയിലുകൾ ലഭിച്ചതായി സമിതി വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 വരെ സമിതി നിർദ്ദേശങ്ങൾ സ്വീകരിക്കും.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെപ്പറ്റി പഠിക്കാൻ 2023 സെപ്റ്റംബറിലാണ് എട്ടംഗ സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചത്.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് എന്നത് സംബന്ധിച്ച് പഠിക്കുകയാണ് ഉന്നത സമിതിയുടെ ലക്ഷ്യം.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുതിർന്ന മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ അദ്ധ്യക്ഷൻ എൻ.കെ സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.















