ഭുവനേശ്വർ: പ്രമുഖ സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായികിന് പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ഈ സുവർണാവസരത്തിന്റെ ഭാഗമാകാൻ ക്ഷണം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് സുദർശൻ പട്നായിക് പറഞ്ഞു. ശ്രീരാമ ഭഗവാന്റെ നിരവധി ശിൽപങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനായി എട്ട് വിദ്യാർത്ഥികളും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമെമ്പാടും 65-ലധികം അന്താരാഷ്ട്ര മണൽ ശിൽപ ചാമ്പ്യൻഷിപ്പുകലിലും പരിപാടികളിലും പങ്കെടുത്തയാളാണ് സുദർശൻ പട്നായിക്. മണൽ ശിൽപങ്ങളിൽ വിസ്മയം തീർക്കുന്നതിൽ പേര് കേട്ടയാളാണ് അദ്ദേഹം. നിരവധി ആനുകാലിക പ്രസക്തിയുള്ള പ്രശ്നങ്ങളിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ തന്റെ കലയിലൂടെ അദ്ദേഹം നിരന്തരം പരിശ്രമിക്കാറുണ്ട്. സാമൂഹിക അവബോധത്തിന് വേണ്ടിയുള്ള മാദ്ധ്യമമായാണ് അദ്ദേഹം തന്റെ കലയെ കാണുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രമേയങ്ങളിൽ വ്യക്തമാണ്.