കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കേന്ദ്ര-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട അന്വേഷണ സംഘം രൂപീകരിക്കാനാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. കേസ് പരിഗണിക്കുന്ന ഫെബ്രുവരി 12ന് അന്വേഷണത്തിലെ പുരോഗതി അറിയിക്കാൻ ഉദ്യോഗസ്ഥരോട് ജസ്റ്റിസ് ജയ് സെൻഗുപ്ത നിർദ്ദേശിച്ചു. കോടതി അന്വേഷണം നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രത്യേക അന്വേഷണ സംഘത്തിൽ സിബിഐയിലേയും സംസ്ഥാന പോലീസിലേയും ഉദ്യോഗസ്ഥരാണ് ഉൾപ്പെടുന്നത്. എസ്പി റാങ്കിലുള്ള സിബിഐ ഉദ്യോഗസ്ഥനും ഇസ്ലാംപൂർ പോലീസ് ജില്ലാ എസ്പി ജസ്പ്രീത് സിംഗും സംയുക്തമായാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ഈ മാസം ആദ്യം ഉണ്ടായ ആക്രമണത്തിൽ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.