അറബിക്കടലിന്റെ റാണിയുടെ ആകാശ ദൃശ്യം പകർത്തി നാസ. കൊച്ചി നഗരവും വില്ലിംഗ്ടൺ ഐലൻഡും ജില്ലയുടെ മറ്റ് പ്രദേശങ്ങളും അടങ്ങുന്ന ചിത്രം നാസയുടെ എർത്ത് ഒബസ്ർവേറ്ററിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
അന്താരാഷ്‌ട്ര സ്പേസ് സ്റ്റേഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എക്സ്പെഡിഷൻ 69 സംഘത്തിലെ അംഗമായ ബഹിരാകാശ യാത്രികനാണ് ചിത്രം പകർത്തിയത്. 2023 ഓഗസ്റ്റ് 23-നാണ് കൊച്ചിയെ നിക്കോൺ ഡി5 ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ആകാശത്ത് നിന്നും ഒപ്പിയെടുത്തത്.
കഴിഞ്ഞ 13-ന് ‘സ്ഥലം ഊഹിക്കാമോ’ എന്ന അടിക്കുറിപ്പോടെയാണ് കൊച്ചിയുടെ മനോഹര ചിത്രം പങ്കുവച്ചത്. “K” എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒന്നാണെന്ന സൂചനയും നാസ നൽകി. ഇതിന് പിന്നാലെയാണ് ഈ മനം കവരുന്ന ചിത്രം കൊച്ചിയുടേതാണെന്ന് വിവരം നാസ പുറത്തുവിട്ടത്. കൊച്ചി നഗരത്തിന്റെ ഭൂപ്രകൃതിയെ കുറിച്ചും ജനസാന്ദ്രതയെ കുറിച്ചും പ്രതിപാദിക്കുന്ന കുറിപ്പും ഇതിനൊപ്പം നാസ പങ്കുവച്ചിട്ടുണ്ട്.
The answer is Kochi, also known as Cochin!
This city is located by the Arabian Sea and has extensive infrastructure including housing, refineries, and stadiums all along the Ernakulam district. It even has an artificial island known as Willingdon Island.https://t.co/wWutVc7scu
— NASA Earth (@NASAEarth) January 13, 2024
കൊച്ചി എന്ന കൊച്ചിൻ, അറബിക്കടലിനും ഒഴുകുന്ന നദികൾക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ ജനസാന്ദ്രതയുള്ളതും നിരവധി വികസന പ്രവർത്തനങ്ങളും നടക്കുന്നതുമായ ഇടമാണ് ഇവിടം. റിഫൈനറികൾ, സ്റ്റേഡിയങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ എറണാകുളം ജില്ലയിലുടനീളമുള്ള തീരപ്രദേശങ്ങളിലും ഉൾനാടുകളിലും ഉൾക്കൊള്ളുന്നു. നാവിക താവളമായും തുറമുഖമായും പ്രവർത്തിക്കുന്ന കൃത്രിമ ദ്വീപ് വരം ഇവിടെയുണ്ടെന്ന് നാസയുടെ കുറിപ്പിൽ പറയുന്നു.















