തിരുവനന്തപുരം: സിനിമാ- സീരിയൽ താരം പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് പിടിയിലായത്. ഡൽഹിയിൽ നിന്നും തിരുവനന്തപുരം സിറ്റി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഇയാളെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
അടുത്തിടെ പ്രവീണയുടെ മകളുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് പ്രവീണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ വീണ്ടും പിടിയിലാകുന്നത്. സൈബർ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.