ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി. 1.65 ലക്ഷം രൂപയാണ് രാമായണത്തിന്റെ വില. പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്.
രാമക്ഷേത്രത്തിന്റെ മാതൃക ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രാമായണമാണിത്. മൂന്ന് നിലകളുള്ള നിർമ്മിതിക്കുള്ളിലാണ് പുസ്തകമുള്ളത്. അമേരിക്കൻ വാൽനട്ട് തടി ഉപയോഗിച്ചാണ് ഈ നിർമ്മിതി ഉണ്ടാക്കിയിരിക്കുന്നത്. പുസ്തകത്തിൽ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷി ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഫ്രാൻസിൽ നിർമ്മിച്ച പേപ്പറിലാണ് രാമായണം എഴുതിയിരിക്കുന്നത്. ആസിഡ് ഉപയോഗിക്കാത്ത പേറ്റന്റ് പേപ്പറുകളാണിത്. ഇവ മാർക്കറ്റിൽ ലഭ്യമല്ല.
സവിശേഷതകൾ ഏറെയായതിനാൽ തന്നെ പുസ്തകം 400 വർഷം കേടുകൂടാതെയിരിക്കും. പുസ്തകം കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാനാണ് ബുക്ക് കേസ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ രാമായണം സുരക്ഷിതമാണ്. നാല് തലമുറക്ക് ഈ രാമായണം വായിക്കാൻ സാധിക്കും.