തിരുവനന്തപുരം: വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി മോഷണം. വീട്ടിലെ ജോലിക്കാരിയും നേപ്പാൾ സ്വദേശിനിയുമായ സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയായിരുന്നു ഇവർ പണവും ആഭരണങ്ങളും കവർന്നത്. സംഘത്തിലെ രണ്ട് പേരെ പിടികൂടിയതായും മറ്റുള്ളവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ നേപ്പാൾ സ്വദേശിനി ജോലിക്കെത്തിയത്. സ്കൂൾ പ്രിൻസിപ്പലായ ദീപയും ഇവരുടെ ഭർത്താവിന്റെ അമ്മയും ഇവരെ പരിചരിക്കുന്ന ഹോം നഴ്സുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ദീപയുടെ ഭർത്താവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ഇയാൾ അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിലർ പിന്നിലൂടെ ഓടുന്നതും വീട്ടുകാരെ ബോധരഹിതരായ നിലയിലും കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.