തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് അരുൺ വിജയ്. ആക്ഷൻ ത്രില്ലർ ചിത്രങ്ങളാണ് കൂടുതലായി താരം തിരഞ്ഞെടുക്കുന്നത്. മിഷൻ-ചാപ്റ്റർ 1 അരുൺ വിജയിയുടെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പൊങ്കൽ റിലീസായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.
View this post on Instagram
പരിക്കുമായാണ് ചിത്രത്തിന്റെ പ്രമോഷൻ വേദിയിലെല്ലാം അരുൺ വിജയ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ആ സമയത്ത് നിസാര പരിക്കുകളാണ് തനിക്ക് സംഭവിച്ചതെന്നാണ് അരുൺ വിജയ് പറഞ്ഞത്. ഇപ്പോൾ പൂർണമായും പരിക്കുകൾ ഭേദമായി എന്ന വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. അതോടൊപ്പം ഷൂട്ടിംഗിനിടെ തനിക്ക് സംഭവിച്ച പരിക്ക് എത്ര വലുതായിരുന്നു എന്നും വിവരിക്കുകയാണ്. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
‘ഒന്നിലേറെ ഒടിവുകളും ലിഗ്മെന്റ് പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ടുമാസമായി അനുഭവിച്ചുവന്നിരുന്ന വേദന മിഷൻ -ചാപ്റ്റർ 1 ന് നിങ്ങൾ നൽകിയ വിജയത്തിലൂടെ മറക്കാൻ സഹായിച്ചു. ഇപ്പോഴുള്ള പ്രശ്നങ്ങളിൽ നിന്ന് ഞാൻ ഉടൻ പുറത്തുവരും. ഉടൻ തന്നെ പുതിയ സിനിമകളുടെ ചിത്രീകരണങ്ങളിലേക്ക് കടക്കും’. അരുൺ വിജയ് കുറിച്ചു.
മിഷൻ-ചാപ്റ്റർ 1 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം ചെയ്യുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ താരം ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കുമ്പോൾ അനങ്ങാൻ പറ്റാതെ സ്ട്രെച്ചറിൽ കിടക്കുന്നതിന്റെ ചിത്രങ്ങളടക്കം താരം പങ്കുവച്ചു.