നിരവധി മലയാള ചിത്രങ്ങളാണ് ഫെബ്രുവരിയിൽ റിലീസിനൊരുങ്ങുന്നത്. മെഗസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഭ്രമയുഗം മുതൽ യുവതാരങ്ങൾ അണിനിരക്കുന്ന മഞ്ഞുമ്മൽ ബോയ്‌സ് വരെ ഇക്കൂട്ടത്തിലുണ്ട്.
ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ആണ് ഫെബ്രുവരിയിലെ ആദ്യ റിലീസ്. ഫെബ്രുവരി 9 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ശേഷം വമ്പൻ റിലീസുകൾ എത്തുന്നത് ഫെബ്രുവരി 15 നാണ്. മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രം ഭ്രമയുഗമാണ് 15 ന് റിലീസ് ചെയ്യുന്ന ഒരു ചിത്രം. നിവിൻ പോളി നായകനാകുന്ന ‘മലയാളി ഫ്രം ഇന്ത്യ’യാണ് അന്നേദിവസം തീയേറ്ററിലെത്തുന്ന മറ്റൊരു ചിത്രം.
യുവതാരങ്ങളെ അണിനിരത്തി എത്തുന്ന ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഫെബ്രുവരി 16 ന് തീയേറ്ററുകളിലെത്തും. മലയാളികളുടെ പ്രിയതാരം ബിജു മേനോൻ നായകനാകുന്ന ‘തുണ്ട് ‘എന്ന ചിത്രവും അന്നേദിവസം തീയേറ്ററുകളിലെത്തും. ഫെബ്രുവരി 22 നാണ് ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം തങ്കമണിയുടെ റിലീസ്.
മാർച്ചിൽ സംസ്ഥാനത്ത് പരീക്ഷ ചൂടേറുന്നത് കൊണ്ടുതന്നെ മലയാള സിനിമയിൽ അധികം റിലീസുകൾ ഉണ്ടാകില്ല. ശേഷം നിരവധി ചിത്രങ്ങളാണ് വിഷു റിലീസിന് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ നിരവധി തമിഴ് ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നുണ്ട്.















