ന്യൂഡൽഹി: സമ്മർദ്ദമില്ലാതെ പരീക്ഷയിൽ വിജയം കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. രാവിലെ 11 മണിക്ക് ഡൽഹിയിലാണ് പരിപാടി നടക്കുന്നത്. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചർച്ചയിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും.
രണ്ട് കോടി വിദ്യാർത്ഥികളാണ് പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പാണ് ഇന്ന് നടക്കുക. 14 ലക്ഷത്തിലധികം അദ്ധ്യാപകരും അഞ്ച് ലക്ഷത്തിലധികം രക്ഷിതാക്കളും പങ്കെടുക്കും. ഇവരിൽ 4,000 പേർക്കാണ് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ നൂറ് വിദ്യാർത്ഥികൾ ആദ്യമായി പരിപാടിയിൽ പങ്കെടുക്കും.
ദൂരദർശൻ, ഡിഡി നാഷണൽ, ഡിഡി ന്യൂസ്, ഡിഡി ഇന്ത്യ എന്നീ ചാനലുകളിലും പരീക്ഷാ പേ ചർച്ച തത്സമയം സംപ്രേക്ഷണം ചെയ്യും. പിഎംഒ, വിദ്യാഭ്യാസ മന്ത്രാലയം, ദൂരദർശൻ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂടൂബ് ചാനൽ തുടങ്ങിയ വിവിധ വെബ്സൈറ്റുകളിലും പരിപാടി കാണാം.