തിരുവനന്തപുരം: ഭൂമി കയ്യേറിയ കേസിൽ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ റവന്യു വകുപ്പ് കേസെടുത്തു. ലാൻഡ് കൺസർവേറ്റീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹിയറിംഗിന് ഹാജരാകാൻ അന്വേഷണ സംഘം മാത്യുവിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ആധാരത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് സർക്കാർ അധിക ഭൂമി കയ്യേറിയതിനാണ് മാത്യുവിനെതിരെ കേസെടുത്തത്. ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടന്റെ പേരിൽ അധിക ഭൂമിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ചിന്നക്കനാലിലെ ഭൂമി രജിസ്ട്രേഷനിൽ 1000 ചതുരശ്രഅടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ കാര്യം മാത്യു കുഴൽനാടൻ മറച്ചുവെക്കുകയായിരുന്നു. 2008-ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്.