അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ഗംഭീരമായ വിജയം കൈവരിച്ച ഒന്നായിരുന്നു. നിവിൻ പോളി, ശബരീഷ് വർമ, കൃഷ്ണ ശങ്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്. സിനിമയെക്കുറിച്ചുള്ള ഒരു വിവരം വർഷങ്ങൾക്ക് ശേഷം പങ്കുവച്ചിരിക്കുകയാണ് പ്രേമത്തിൽ കോയയായെത്തിയ കൃഷ്ണ ശങ്കർ.
പ്രേമത്തിൽ മോഹൻലാലിന് വേണ്ടി ഒരു വേഷം ഒരുക്കിയിരുന്നെന്നും സിനിമയിൽ പ്രണയത്തിന് പ്രാധാന്യം നൽകിയതിനാലാണ് ആ സീൻ ഒഴിവാക്കിയതെന്നുമാണ് കൃഷ്ണ ശങ്കർ പറയുന്നത്. മോഹൻലാലിന് ഏത് കഥാപാത്രമായിരുന്നു സ്ക്രിപ്റ്റിൽ എഴുതിയിരുന്നതെന്നും താരം പറയുന്നുണ്ട്.
‘അൽഫോൺസ് എന്തായാലും ഇനിയും പടം ചെയ്യും. പ്രേമത്തിലെ ആ ഫൈറ്റ് സീൻ സ്ഫടികത്തിൽ നിന്നും റഫർ ചെയ്ത് എടുത്തിട്ടുള്ളതാണ്. ഓടി നടന്ന് അടിക്കാനായിരുന്നു പറഞ്ഞിരുന്നത്. അതുപോലെ, പ്രേമത്തിലെ ഒരു വേഷത്തിലേക്ക് ലാലേട്ടനെ വിചാരിച്ചിരുന്നു. എന്നാൽ, സ്ക്രിപ്റ്റ് മൂന്ന് പ്രണയകഥയിലേക്ക് ഫോക്കസ് ചെയ്തപ്പോൾ അത് വേണ്ടെന്ന് വക്കുകയായിരുന്നു.
പ്രേമത്തിൽ പള്ളിലച്ചന്റെ കഥാപാത്രമായിട്ടായിരുന്നു സ്ക്രിപ്റ്റിൽ ലാലേട്ടനായി എഴുതിച്ചേർത്ത കഥാപാത്രം. അത് പിന്നെ എഴുതി വന്നപ്പോൾ അതിനേക്കാൾ പ്രാധാന്യം മൂന്ന് പ്രണയത്തിന് നൽകിയിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നു.’-കൃഷ്ണ ശങ്കർ പറഞ്ഞു.















