ന്യൂഡൽഹി: ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മലാ സീതാരാമന് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എക്സിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.
ഈ നേട്ടങ്ങളുടെ അടിത്തറയിൽ ഒരു വികസിത ഭാരതം നിർമ്മിക്കപ്പെടുകയാണ്. ഈ യാത്രയിലുടന്നീളം രാജ്യത്തെ നയിച്ച പ്രധാനമന്ത്രിക്കും ധനമന്ത്രി നിർമ്മല സീതാരാമനും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. എല്ലാ മേഖലയിലും ഭാരതത്തെ മുന്നിലെത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയാണ് ബജറ്റ് പ്രസംഗം വിളിച്ചോതുന്നത്. 2047-ഓടെ വികസിത രാഷ്ട്രമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള മാർഗരേഖയാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം നിർമ്മലാ സീതാരാമന് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും രംഗത്തെത്തി. ഇടക്കാല ബജറ്റ് സ്ത്രീകളുടെയും യുവാക്കളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതാണെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷമായി വികസനത്തിന്റെ ഉയർന്ന തലങ്ങളിലേക്ക് രാജ്യം വളരുകയാണ്. യുവാക്കളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലും ബജറ്റ് ഊന്നൽ നൽകി. രാജ്യത്തെ പൗരന്മാരുടെ അഭിലാഷങ്ങളെയാണ് ഇടക്കാല ബജറ്റ് അഭിസംബോധന ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.