കോഴിക്കോട്: ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റെന്ന ആരോപണത്തെ തുടർന്ന് ബസ് ജീവനക്കാരുടെ മിന്നൽ. വടകര-പയ്യോളി-പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ജീവനക്കാരാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ആരോമൽ എന്ന ബസിലെ ഡ്രൈവറായ രൂപേഷിനും കണ്ടക്ടർ രാജേഷിനും നേരെയാണ് ആക്രമണം ഉണ്ടായത്.
രൂപേഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരും ബസ് ജീവനക്കാരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം നടന്നിരുന്നു.ഇതിന് ശേഷം ഇന്നലെ രാത്രി എട്ട് മണിയോടെ ഒരു സംഘം ആളുകളെത്തി ബസ് ജീവനക്കാരെ മർദ്ദിച്ചുവെന്നാണ് പരാതി.
ഇതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് വലഞ്ഞത്. വടകര – പയ്യോളി – പേരാമ്പ്ര റൂട്ടിലും വടകര – തോടന്നൂർ – ചാനിയം കടവ് വഴിയും ചെറുവണ്ണൂർ, തിരുവള്ളൂർ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരാണ് ഇന്നുണ്ടായ മിന്നൽ പണിമുടക്കിൽ ഏറെ വലഞ്ഞത്.